കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്നു, അടിയന്തിര നടപടികൾ വേണ്ടി വരും - IMA

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) വർദ്ധിക്കുന്നതും (12.48%) കോവിഡ് ICU-കൾ നിറഞ്ഞു തുടങ്ങുന്നതും രാജ്യത്തുള്ള കോവിഡ് രോഗികളുടെ ഏറിയ ശതമാനവും കേരളത്തിൽ ആവുന്നതും ആശങ്കാജനകമാണ്. 

 

സംസ്ഥാനത്തു കൂടുതൽ കേസുകൾ ജനങ്ങളുടെ വരവുപോക്ക് ഏറ്റവും അധികമുള്ള ട്രാവൽ ഹബ് ആയ എറണാകുളം ജില്ലയിലാണ്. 

 

Air, Rail, Water, Road കണക്ഷനുകൾ ഏറെയുള്ള ജനനിബിഡമായ വാണിജ്യ വ്യാപാര കേന്ദ്രമായ എറണാകുളം പോലെയുള്ള സ്ഥലങ്ങളിൽ മറ്റിടങ്ങളിൽ നിന്നും വൈറസ് വീണ്ടും വീണ്ടും എത്തിപ്പെടാൻ ഇടയാവുന്നു. 

 

കോവിഡ് SSLC പരീക്ഷ പോലെയാണ്. ഇന്ന് പരീക്ഷ എഴുതിയാൽ ഫലം ഒരു മാസമെങ്കിലും കഴിഞ്ഞേ അറിയൂ. എന്നു വച്ചാൽ ജനങ്ങളുടെ ജാഗ്രതയിൽ ഇന്നു കുറവുണ്ടായാൽ കണക്കുകളിൽ മാറ്റം വരുന്നത് ഒരു മാസമെങ്കിലും കഴിഞ്ഞായിരിക്കും.

 

ഉദാഹരണത്തിന് ബ്രിട്ടൻ കഴിഞ്ഞ വർഷം ഒടുവിൽ എടുത്ത അശാസ്ത്രീയമായ അയവുകളുടെ ഫലമാണ് അവർ ഇന്നനുഭവിക്കുന്നത്. ലണ്ടനിൽ 35 പെരിൽ ഒരാൾ ഇന്ന് കോവിഡ് ബാധിതനാണ്. ദിവസവും ആയിരത്തിലധികം മരണങ്ങൾ; ഉടനെങ്ങും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു കഴിഞ്ഞു. അവിടെ ലോക്ക് ഡൌൺ അനേക മാസം നീളും, കാരണം ആശുപത്രികൾ നിറഞ്ഞാൽ അതേ മാർഗമുള്ളൂ എവിടെയും. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു കൂടായ്‌കയില്ല. പക്ഷേ സമ്പന്ന രാഷ്ട്രമായ ബ്രിട്ടനെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന് ഇനി ഒരു ലോക്ക് ഡൌൺ താങ്ങാൻ സാധിക്കുമോ എന്ന് സംശയമുണ്ട്.

 

പാൻഡെമിക് കർവ്വ് (curve ) ഒരു കുന്നു കയറി ഇറങ്ങുന്നതു പോലെയാണെന്ന് കഴിഞ്ഞ വർഷം ഏറെ പേർ കരുതിയിരുന്നു. കുന്നിറങ്ങിയാൽ "ഹേർഡ് ഇമ്മ്യൂണിറ്റി" കിട്ടും, അപ്പോൾ എല്ലാം ശരിയായി എന്നും അവർ വിശ്വസിച്ചു. എന്നാൽ ഇത് ഒരു കുന്നു മാത്രമല്ല അതിനപ്പുറവും നിരവധി കയറ്റവും ഇറക്കവും അടങ്ങിയ ഒരു mountain range തന്നെയാണ് എന്ന് ഇപ്പോൾ നമുക്കു മനസിലായി തുടങ്ങി. തീവ്രമായി രോഗം "വന്നു പോയ" ഇടങ്ങളിൽ കൂടുതൽ ശക്തിയോടെ ഇന്ന് രോഗം താണ്ഡവമാടുന്നു, B.1.1.7, 501Y.V2, P.1 മുതലായ പുതിയ വേരിയന്റുകളുടെ വരവോടെ. 

 

അതിനാൽ ഇപ്പോൾ നമുക്കു ചെയ്യാനാവുന്നത്, ചെയ്യേണ്ടത് ഏറെ നാളത്തേയ്ക്കുള്ള ഒരു സ്ട്രാറ്റെജി ആണ്. 

 

ഒത്തു ചേരലുകൾ - ആത് ഏതു പേരിലാണെങ്കിലും- മാറ്റി വച്ചേ മതിയാവൂ. ഒത്തു ചേരൽ ഇല്ലെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഉപജീവനം നടത്താൻ തടസമില്ല എന്നും മറന്നു കൂടാ. അവനവൻറെ സൊഷ്യൽ ബബിൾ (social bubble) അഥവാ അടുത്ത് ഇടപഴകുന്നവരുടെ സംഖ്യ എത്രയും ചുരുക്കാൻ ഓരോരുത്തരും ശ്രമിക്കണം. കഴിവതും ബബിളുകൾ തമ്മിൽ overlap വരാതെ നോക്കണം. മാസ്‌ക് നിർബന്ധമാക്കണം. പ്രായമായവരെ സംരക്ഷിക്കുകയും അവർക്ക് വാക്‌സിൻ എത്തിച്ചു കൊടുക്കുകയും വേണം.

 

വൈറസ് ഇൻഫെക്ഷൻ പൂർണമായും തടയുന്നില്ലെങ്കിലും വൈറസ് ബാധിച്ചാൽ തീവ്ര രോഗം വരാതെയുള്ള സുരക്ഷിതമായ, വ്യക്തിഗതമായ സംരക്ഷണം വാക്‌സിൻ നൽകുന്നു. അതിനാൽ വാക്‌സിൻ എടുത്തവരും രോഗം പരത്താൻ ഇടയുണ്ട് എന്ന് മറക്കരുത്. വിയറ്റ്നാം , തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ കാട്ടിത്തന്നതു പോലെ ഏറെ നാൾ ഒരുമിച്ചു നിന്നാലേ നമുക്കും രക്ഷയുള്ളൂ.

 

താൽകാലികമായ, വ്യക്തിപരമായ അസൗകര്യങ്ങൾ ഓരോരുത്തരും ഏറെക്കാലം സഹിക്കാതെ ഒരെളുപ്പ വഴിയും ഇവിടെ ഇല്ല എന്ന പച്ചയായ യാഥാർഥ്യം കാണാതെ പോകരുത്.